09:38pm 30 April 2026
NEWS
അമേരിക്ക ബാക്ക് ടു ഗ്രൈറ്റ്
അപ്പോൾ നമ്മുടെ കാര്യമോ ?

19/01/2025  06:58 AM IST
അനീഷ് മോഹനചന്ദ്രന്‍
ഇനി ട്രംപ് പറയും !
HIGHLIGHTS

അമേരിക്ക പ്രതാപത്തിലേക്ക് കുതിക്കുമ്പോൾ ഉറപ്പായും ഡോളര്‍ വീണ്ടും കരുത്താര്‍ജ്ജിക്കും. അത് ഇന്ത്യക്ക് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഉറപ്പാണ് 

മുംബൈ : മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ -  റിപബ്ലിക്കൻ സ്ഥാനാര്‍ത്ഥി ഡൊണാൾഡ് ട്രംപിന്റെ തിരിഞ്ഞെടുപ്പ് മുദ്രാവാക്യം ഇതായിരുന്നു. ഏതായാലും ട്രംപിനെ വിശ്വസിച്ച അമേരിക്കൻ വോട്ടര്‍മാര്‍ അദ്ദേഹത്തെ തങ്ങളുടെ പ്രിസഡന്റായി വീണ്ടും തിരഞ്ഞെടുത്തിരിക്കുന്നു. ജനുവരി 20 തിങ്കളാഴ്ച ഇന്ത്യൻ സമയം രാത്രി 10.30 ന് അദ്ദേഹം അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമ്പോൾ ഇന്ത്യക്ക് മുന്നിലെ ചോദ്യം ഒന്നുമാത്രം. അമേരിക്കയെ ട്രംപ് പഴയ പ്രതാപത്തിലേക്ക് മടക്കിക്കൊണ്ടുപോകുമ്പോൾ ഇന്ത്യൻ റുപ്പിയുടെ ഭാവി എന്താകും എന്നതാണ് ചോദ്യം. നിലവിൽ ഒരു ഡോളറിന് 86.58 എന്ന നിലയിലാണ് രൂപയുടെ മൂല്യം. ഇത് റിക്കോര്‍ഡ് തകര്‍ച്ചയിലാണ് ഇപ്പോഴുള്ളത്. 
           അമേരിക്ക പ്രതാപത്തിലേക്ക് കുതിക്കുമ്പോൾ ഉറപ്പായും ഡോളര്‍ വീണ്ടും കരുത്താര്‍ജ്ജിക്കും. അത് ഇന്ത്യക്ക് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ഇതിനെ മറികടക്കാൻ നാം കൂടുതൽ ഇറക്കുമതി ചെയ്യേണ്ടി വരും. വിദേശനാണ്യ ശേഖരം വര്‍ദ്ധിപ്പിക്കാൻ വേണ്ടതെല്ലാം ചെയ്യുമ്പോൾ അമേരിക്കയുടെ താത്പര്യങ്ങൾക്കനുസരിച്ച് പല കരാറുകളും ഒപ്പുവെയ്ക്കേണ്ടി വരും. റഷ്യ – ഉക്രൈൻ യുദ്ധം തുടങ്ങിയപ്പോൾ അമേരിക്കയുടെ താത്പര്യങ്ങളെ അവഗണിച്ച് ഇന്ത്യ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങിയിരുന്നു. ഇതിന്റെ ആഫ്റ്റര്‍ എഫക്ട് എന്നോണം അമേരിക്ക ചില അതൃപ്തികൾ ഇന്ത്യയെ അറിയിച്ചിരുന്നു. എന്നാൽ രാജ്യത്തിന്റെ പൊതുതാത്പര്യവും വിലക്കുറവും കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുതന്നെ പോയി. അന്ന് ജോ ബൈഡനായിരുന്നു അമേരിക്കൻ പ്രസിഡന്റ്. ആ സ്ഥാനത്ത് ട്രംപ് വരുമ്പോൾ പഴയ സൗഹൃദസമീപനം തുടരുമോ അതോ എന്തിനും പോന്ന വല്ലവനായി അദ്ദേഹം മാറുമോ എന്നതാണ് ഇവിടെ ചിന്തനീയം. 
          അന്തംവിട്ട പ്രതി എന്തും ചെയ്യും എന്ന് പറഞ്ഞതുപോലെയാണ് ട്രംപിന്റെ കാര്യം. തന്റെ രാജ്യത്തിന്റെ താത്പര്യം സംരക്ഷിക്കാൻ അദ്ദേഹം എന്തും ചെയ്യും. മുന്നും പിന്നും ആലോചിക്കാതെ പല കടുത്ത നടപടികളും ട്രംപ് പ്രഖ്യാപിക്കുകയും ചെയ്യും. ഏതായാലും ചൈനയെ ശത്രുപക്ഷത്താണ് അമേരിക്ക ഇപ്പോഴും കാണുന്നത് എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. കൊവിഡിന് ശേഷം ചൈന പ്ലസ് വൺ എന്ന പോളിസിയിലേക്ക് അമേരിക്ക ഉൾപ്പെടെയുള്ള പല വികസിത രാജ്യങ്ങളും മാറിയിട്ടുണ്ട് എന്നതും ആശ്വാസകരമാണ്. ഏതായാലും ട്രംപിന്റെ പുതുഗാഥ ആരംഭിക്കാൻ ശേഷിക്കുന്നത് ഏതാനും മണിക്കൂറുകൾ മാത്രമാണ്. ലോകം അദ്ദേഹത്തിന്റെ പുതുപ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കുന്നു. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img